പുത്തന്‍ പ്രഖ്യാപനവുമായി സൗദി അറേബ്യ: സന്ദർശകർക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

എണ്ണയിതര സമ്പദ് വ്യവസ്ഥവൈ വിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി വിപുലമായ പരിപാടികളാണ് സൗദി അറേബ്യ അടുത്ത കാലത്തായി നടത്തി വരുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ തീരുമാനമാണ് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉണ്ടായ തീരുമാനം. സൗദിയിൽ ഒരു വർഷത്തേക്ക് വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ സന്ദർശകർക്ക് അനുമതിയുണ്ടാകുമെന്നാണ് സൗദി ട്രാഫിക് അധികൃതരുടെ പ്രഖ്യാപനം.

സന്ദർശകന് രാജ്യാന്തര ഡ്രൈവിംഗ് ലൈസൻസോ സാധുതയുള്ള വിദേശ ലൈസൻസോ ഉണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ ലൈസന്‍സിന്റെ കാലാവധി തീരുന്നത് വരെ എന്ന നിബന്ധനയാണ് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.

മൾട്ടിപ്പിൾ എൻട്രി വിസയിൽ രാജ്യത്തിലേക്കുള്ള ബിസിനസ് സന്ദർശകർക്ക് സാധുതയുള്ള വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാനാകുമോ എന്ന പ്രവാസിയുടെ ചോദ്യത്തിന് ട്രാഫിക് വകുപ്പ് ഉത്തരം നല്‍കുയായിരുന്നു. കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി സമീപ വർഷങ്ങളിൽ നിരവധി സൗകര്യങ്ങളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ ഓൺ അറൈവൽ അല്ലെങ്കിൽ ഓൺലൈനായി നൽകുന്നതും ഇവയിൽ ഉൾപ്പെടുന്നു.

അതേസമയം, ജൂലായിൽ സൗദി അറേബ്യ പുതിയ ബിസിനസ് വിസിറ്റ് ഇലക്ട്രോണിക് വിസ ആരംഭിച്ചിരുന്നു. ഇതിനെ "വിസിറ്റിംഗ് ഇൻവെസ്റ്റർ വിസ" എന്നാണ് വിളിക്കുന്നത്. നിക്ഷേപ അവസരങ്ങൾ പരിശോധിക്കുന്നതിന് രാജ്യത്തേക്ക് എത്തുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പുതിയ വിസ. ഈ വർഷം മാത്രം 25 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ഉംറ നടത്താൻ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങൾക്കായി സമീപ മാസങ്ങളിൽ നിരവധി സൗകര്യങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. പേഴ്‌സണൽ, വിസിറ്റ്, ടൂറിസം വിസകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള എൻട്രി വിസകൾ കൈവശമുള്ള മുസ്‌ലിംകൾക്ക് ഉംറ നടത്താനും മദീനയിലെ പ്രവാചകന്റെ മസ്ജിദിൽ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന അൽ റൗദ അൽ ശരീഫ സന്ദർശിക്കാനും അനുവാദമുണ്ടാവും.

സൗദി പൗരന്മാർക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദർശിക്കാനും ഉംറ നടത്താനും ക്ഷണിച്ചുകൊണ്ട് വിസയ്ക്ക് അപേക്ഷിക്കാം. ഒരു സ്റ്റോപ്പ് ഓവർ ട്രാൻസിറ്റ് വിസയും രാജ്യം അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ഉംറ നിർവഹിക്കാനും പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കാനും രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കാനും അനുവദിക്കുന്നു. നാല് ദിവസത്തെ ട്രാൻസിറ്റ് വിസയുടെ സാധുത 90 ദിവസമായിരിക്കും.

Post a Comment

Previous Post Next Post