സ്വദേശിവത്കരണം ശക്തമാക്കാന്‍ വമ്പന്‍ പദ്ധതിയുമായി യുഎഇ: ലക്ഷ്യം വിദ്യാർത്ഥികള്‍, പ്രവാസികള്‍ക്ക് തിരിച്ചടിയോ?

സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കി യു എ ഇ. വിവിധ സ്ഥാപനങ്ങളില്‍ സ്വദേശികളുടെ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിനൊപ്പം തന്നെ ഭാവി തലമുറയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികളും രാജ്യം അവതരിപ്പിച്ച് വരികയാണ്. 'പ്രൊഫഷണൽ ആന്‍ഡ് പ്രാക്ടിക്കല്‍ ട്രെയിനിങ് പ്രോഗ്രാം' എന്ന പേരിലാണ് പുതിയ പദ്ധതി. ഒമ്പതാം ക്ലാസ് മുതൽ ഉന്നതവിദ്യാഭ്യാസത്തിന്റെ അവസാന വർഷം വരെയുള്ള എമിറാത്തി വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിയുടെ പൈലറ്റ് ലോഞ്ചാണ് കഴിഞ്ഞ ദിവസം പ്രഖ്യപിച്ചത്.

സ്വന്തം പൗരന്മാർക്ക് ജോലി സാധ്യത വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥി കാലഘട്ടത്തില്‍ തന്നെ മികച്ച പരിശീലനം നല്‍കാനുള്ള പദ്ധതി. പഠനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 3,500 വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവരുന്ന പരീക്ഷണ ഘട്ടം ഒരു വർഷത്തേക്ക് നടത്തുമെന്നാണ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിക്കുന്നത്.

ഇതിനുശേഷം, ഒമ്പത് ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്നതിനായി അഞ്ച് വർഷ കാലയളവിൽ പ്രോഗ്രാം ക്രമേണ വിപുലീകരിക്കും. "ടാർഗെറ്റുചെയ്‌ത വിദ്യാർത്ഥികളുടെ കരിയർ സാധ്യതകൾ വിപുലീകരിക്കുക, ജോലിയുടെ അടിസ്ഥാനകാര്യങ്ങൾ അവരെ പരിചയപ്പെടുത്തുക, സ്വകാര്യ മേഖല വഹിക്കുന്ന പ്രധാന പങ്ക് വ്യക്തമാക്കുക എന്നിവയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്." എമിറേറ്റൈസേഷൻ അഫയേഴ്‌സിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ഐഷ ബെൽഹാർഫിയ പറഞ്ഞു.

ഹൈസ്കൂളുകൾ ഉൾക്കൊള്ളുന്ന 'ജനറല്‍'; സെക്കൻഡറി, പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന 'പ്രൊഫഷണൽ' എന്നിങ്ങനെ രണ്ട് ട്രാക്കുകളിലായിട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ കമ്പനികളുമായി ഏകോപിപ്പിച്ച്, അക്കാദമിക് സ്ഥാപനങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രോഗ്രാം പ്രതിവാര സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ചെറുപ്പം മുതലേ സ്വകാര്യ മേഖലയെ കുറിച്ചുള്ള എമിറേറ്റുകളുടെ ധാരണകൾ മാറ്റിയെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. വിദ്യാർത്ഥികളുടെ വൈദഗ്ധ്യം വളർത്തിയെടുക്കാനും ഇത് ലക്ഷ്യമിടുന്നു. അതിലൂടെ അവർക്ക് അവരുടെ അക്കാദമിക് നിലവാരവുമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ തൊഴിൽ അവസരങ്ങൾ കണ്ടെത്താനാകുമെന്നും വിലയിരുത്തപ്പെടുന്നു.

"ചെറുപ്പത്തിൽ തന്നെ യുവാക്കളെ ടാർഗെറ്റുചെയ്യുന്നതില്‍ നിരവധി ഗുണങ്ങളുണ്ട്. ആ പ്രായത്തിൽ, അവർ അവരുടെ കഴിവുകളും സാധ്യതകളും വികസിപ്പിക്കുന്ന ഘട്ടമാണ്. ആ സമയം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും അവരുടെ പങ്ക് വർദ്ധിപ്പിക്കുന്ന ശരിയായ തൊഴിൽ പാതയിലേക്ക് ഞങ്ങൾ അവരെ നയിക്കുന്നു. " " ബെൽഹാർഫിയ വിശദീകരിച്ചു.

അതേസമയം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വന്തം പൗരന്മാരുടെ എണ്ണം വിപുലീകരിക്കാനുള്ള സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്നതിനാല്‍ തന്നെ പ്രവാസികള്‍ക്കും ചെറിയ ആശങ്കയുണ്ട്. ക്രമേണെ സ്വകാര്യ മേഖലയിലും വ്യാപകമായ സ്വദേശിവത്കരണം നടപ്പിലാക്കിയാല്‍ അത് പ്രവാസികള്‍ക്ക് അത് വലിയ തിരിച്ചടിയായേക്കും.

Post a Comment

Previous Post Next Post